Saturday, May 8, 2010

മക്കള്‍ മാഹാത്മ്യം

ഈ മുപ്പത്തിനാല് വര്‍ഷത്തിനിടയില്‍ സിനിമകള്‍ ഒരു പാട് കണ്ടെങ്ങിലും ചില സിനിമകള്‍ മനസ്സില്‍ നിന്നും മാറാതെ നിക്കുന്നു.അതില്‍ ഒന്നാണ് മക്കള്‍ മാഹാത്മ്യം. ഇത്രയും വളിഞ്ഞതാണോ എന്റെ ആസ്വാദന നിലവാരം എന്ന് നിങ്ങള്ക്ക് സംശയം തോന്നി തുടങ്ങിയിട്ടുണ്ടാകും. വെയിറ്റ് വെയിറ്റ്!! സിനിമയുടെ നിലവാരം കൊണ്ട് മനസ്സില്‍ തങ്ങിയതല്ല മക്കള്‍ മാഹാത്മ്യം.
അതിന്റെ പിന്നിലെ പൊരുള്‍ അറിയാന്‍ കൊറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു പോകേണ്ടി വരും.
1992 ഇല് ആണ് മക്കള്‍ മാഹാത്മ്യം റിലീസ് ആവുന്നത്. പത്താം തരാം പാസ് ആയി ഇരിക്കുമ്പോഴാണോ അതോ പ്രിഡിഗ്രി തുടങ്ങിയപ്പോഴാണോ എന്ന് കൃത്യമായി ഓര്മ കിട്ടുന്നില്ല.
ചെറുപ്പകാലത്ത് സ്വന്തം വീട്ടിലേക്കാള്‍ ഞാന്‍ അച്ഛന്റെ വീട്ടിലും അച്ഛന്റെ ഏട്ടന്റെ വീട്ടിലും ആയിരുന്നു എന്റെ ഒഴിവു സമയങ്ങള്‍ ചെലവഴിച്ചത്‌. അവിടെ ടൈം പാസിനു ആളുകള്‍ കൊറേ ഉണ്ടായിരുന്നു. അച്ഛന്റെ ഏട്ടന്റെ മക്കളും പിന്നെ കുടുംബ സുഹൃതായിരുന്ന ധനേട്ടനും. മെഡിക്കല്‍ ഷോപ്പില്‍ ആയിരുന്നു ധനെട്ടന് ജോലി. മുഴു രസികന്‍!! കൂടെ നിന്നാല്‍ സമയം പോകാന്‍ വേറെ ഒന്നും വേണ്ട!!
അങ്ങനെ ഒരു ഞായറാഴ്ച കാലത്ത് ചക്കരക്കല്ലില്‍ ഞാന്‍ എത്തുമ്പോള്‍ ധനെട്ടന്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ കയറി ചെല്ലുമ്പോള്‍ തന്നെ പത്രം വായിചോണ്ടിരിക്കയായിരുന്ന ധനേട്ടന്‍ മുഖം ഉയര്‍ത്തി പറഞ്ഞു, എടാ കവിത ടാക്കീസില്‍ മക്കള്‍ മാഹാത്മ്യം കളിക്കുന്നുണ്ട്, മോര്‍ണിംഗ് ഷോയ്ക്ക് പോയാലോ?
നമ്മള്‍ റെഡി എന്ന് ഞാനും ഏട്ടനും ( അച്ഛന്റെ ഏട്ടന്റെ മകന്‍) ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷെ മൂന്ന് പേരുടെയും കൈയ്യില്‍ ഉള്ള മുഴുവന്‍ കാശും എണ്ണി നോക്കിയപ്പോള്‍ ബസ്സിന്റെ ടിക്കെടിനും പിന്നെ ഏറ്റവും മുന്നിലത്തെ രോവില്‍ ഉള്ള സിനിമ ടിക്കെടിനും ഉള്ള കാശ് മാത്രം കഷ്ടി തികയും.
അത് മതിയെടാ , ഊണിന്റെ സമയം ആവുമ്പോഴേക്കും നമുക്ക് തിരികെ എത്താം എന്ന് ധനേട്ടന്‍.
അങ്ങനെ നമ്മള്‍ മൂന്നും വെച്ച് പിടിച്ചു.
നട്ടുച്ചയ്ക്ക് സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്കും പൊരിഞ്ഞ വിശപ്പ്‌. ചില്ലി കാശ് കയ്യില്‍ ഇല്ല. സിനിമ കാണാന്‍ വരുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കവിത വരെ ഉള്ള നടത്തം അറിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചു അതെ ദൂരം കരിമല കയറുന്നതിലും ദുരിതം ആയ പോലെ. ദാഹം, വിശപ്പ്‌ എന്നിവയ്ക്ക് പുറമേ സൂര്യന്‍ തലമണ്ടയില്‍ കിടന്നു തിളക്കുന്നു.
ഒരു വിധം ബസ് സ്റ്റാന്‍ഡില്‍ എത്തി. ഇന്നത്തെ പോലെ മിനുടിനു മിനുടിനു ബസ് ഇല്ല അന്ന്. ഇടി വെട്റെട്ടവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ അടുത്ത ബസിനു ഇനിയും സമയം ഉണ്ട്. നിങ്ങള്‍ ഇവിടെ നിലക്ക് ഞാന്‍ പോയി ഒന്ന് മൂത്രം ഒഴിച്ച് വരം എന്ന് ധനെട്ടന്‍ പറഞ്ഞു
. കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്‍ഡില്‍ ചക്കരക്കല്‍ ബസ്‌ നിര്‍ത്തുന്നത് ഒരു അറ്റത്തും മൂത്രപുര മറ്റേ അറ്റത്തും ആയിരുന്നു. വര്‍ഷങ്ങള്‍ കൊറേ ആയി ബസ്‌ സ്റ്റാന്‍ഡില്‍ പോയിട്ട് എന്നതിനാല്‍ ഇപ്പോളും അങ്ങനെ ആണോ എന്നറിയില്ല.
ധനേട്ടന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ഞാനും ഏട്ടനും നിന്ന ഇടതു നിന്നും മാറി തണലത്തു പോയി നിന്ന്. അവിടെ നിന്നാല്‍ ധനേട്ടന്‍ മടങ്ങി വരുമ്പോള്‍ കാണാം.
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു നമ്മള്‍ മൂത്ര പുരയുടെ ഭാഗത്തേക്ക് നോക്കുമ്പോള്‍ ഉണ്ട് ധനേട്ടന്‍ പതുങ്ങി പതുങ്ങി കടകളുടെ അരികു പറ്റി നടന്നു വരുന്നു. കൂടെ കൂടെ നമ്മള്‍ ആദ്യം നിന്ന ഭാഗത്തേക്ക് നോക്കുന്നുമുണ്ട്. എന്ടാണ് സെറ്റപ്പ് എന്നറിയാന്‍ നമ്മളും പതുങ്ങി നിന്ന്. നോക്കുമ്പോഴുണ്ട്‌ ഇഷ്ടന്‍ പതുങ്ങി വന്നു ബസ്‌ സ്റ്റാന്‍ഡില്‍ ഉള്ള മില്‍മ ബൂത്തിന്റെ മുന്നില്‍ പോയി നില്‍ക്കുന്നു. കാശ് കൊടുക്കുന്നു ഒരു ഗ്ലാസ്‌ പാല്‍ വാങ്ങിക്കുന്നു. വീണ്ടും നമ്മള്‍ നിന്ന ഭാഗത്തേക്ക് നോക്കുന്നു, പാല്‍ കുടിക്കുന്നു.
നമ്മള്‍ പതുങ്ങി പതുങ്ങി പുള്ളിയുടെ പുറകില്‍ ഉള്ള തൂണിന്റെ പുറകില്‍ ഒളിച്ചിരുന്ന്. നല്ല ചൂട് പാല്! ചൂട് കാരണം പുള്ളിക്ക് പെട്ടനെ കുടിക്കാനും പറ്റണില്ല, നമ്മള്‍ കാണുന്നതിനു മുന്നേ കുടിക്കുകയും വേണം.
രണ്ടു കവിള്‍ എങ്ങനെയോ കുടിച്ചപ്പോള്‍ നമ്മുടെ ക്ഷമ കെട്ടു.
ധനേട്ടാ!!!
ഞെട്ടി തിരിഞ്ഞു നോക്കിയാ ധനെട്ടന്റെ വായില്‍ ചൂട് പാല്, തുപ്പാനും വയ്യ ഇറക്കാനും വയ്യ.
ഒരു വിധം ഇറക്കി ഒരു വളിഞ്ഞ ചിരി സെറ്റ് ആക്കി മൂപര്‍.
എടാ വിശപ്പ്‌ സഹിക്കാന്‍ വയ്യ. ഒരു ഗ്ലാസ്‌ പാല് വാങ്ങാന്‍ അല്ലാതെ വേറെ ഒരു ചില്ലി കാശ് കയ്യില്‍ ഇല്ല!! നിങ്ങള്‍ക്ക് വാങ്ങി തരാനും ഇല്ല!!
ഇത് നമ്മക്ക് മൂന്ന് പേര്‍ക്കും കുടിക്കാം!!
ധനെട്ടന്റെ അവസ്ഥ കണ്ടു വേണ്ട എന്ന് പറയണം എന്നുണ്ടയിരുന്നെങ്ങിലും വയറിന്റെ വിളി അതിനെക്കാള്‍ ശക്തം ആയിരുന്നു.
ഏതാണ്ട് പതിനെട്ടു വര്ഷം പിന്നിട്ടെങ്ങിലും ഇന്നും ധനെട്ടനെ കാണുമ്പോള്‍ എടാ പാല് കുടിക്കുന്നോ എന്ന് മുഴുക്കെ ചിരിച്ചോണ്ട് മൂപര്‍ ചോദിക്കും!!

1 comment: