Friday, June 25, 2010

മസ്ത് മസ്ത്

പണ്ട് റെഗുലറായി ആത്മഹത്യാ ശ്രമം നടത്തി കയർ പൊട്ടി വീണിരുന്ന അരത്തൂങ്ങി ഭരതനും നമ്മുടെ കഥാപാത്രമായ തൂങ്ങിയും തമ്മിൽ പേരില്ലുള്ള സാമ്യം ഒഴിച്ചാൽ യാതൊരു ആങ്കിളിൽ നിന്നു നോക്കിയാലും ഒരു സാമ്യവുമില്ല.


അരത്തൂങ്ങി ഫുൾ ട്ടൈം ലുങ്കിയും ബനിയനും ഇട്ട് നടക്കുന്ന നാടൻ,കിഴവൻ,കഷണ്ടി.

തൂങ്ങി ഫുൾ ട്ടൈം ജീൻസും ടി ഷർട്ടും ഇട്ട് നടക്കുന്ന ചുള്ളൻ; ട്ടോൾ,ഡാർക്ക് ആന്റ് ഹാൻസം!!

കോളേജിലെ മിക്ക പെൺകുട്ടികളുടെയും സ്വന്തം ബ്രദർ!! സുമുഘൻ,സുശീലൻ!!
അക്കാലത്ത്‌ എല്ലാരും മുറിമീശ വെക്കാൻ പാടുപെടുമ്പോൾ ക്ലീൻ ഷേവ് അടിച്ചു നടന്നവൻ.


അത് കൊണ്ട് തന്നെ ഫൈൻ ആർട്സ് ഡേ പ്രോഗ്രാമിനു മസ്തനും ടീമും അക്ഷയ് കുമാറിന്റെ മൊഹ്റ എന്ന സിനിമയിലെ ``തു ചീസ് ബഡി ഹൈ മസ്ത് മസ്ത് `` എന്ന പാട്ടിന്‌ ഡാൻസ് കളിക്കാം എന്ന് തീരുമാനിച്ചപ്പോൾ രവീൻ ടണ്ടന്റെ റോൾ ആരെ കൊണ്ട് ചെയ്യിക്കണം എന്നതിനു്‌ ഒരു പാട് തർക്കം ഒന്നും വേണ്ടിവന്നില്ല!!

നമ്മുടെ ഇപ്പോഴത്തെ നടിമാർ പറയുന്ന പോലെ വെത്യസ്തമായ റോൾ ആയതിനാൽ നമ്മുടെ കഥാനായകനും എതിർപ്പ് ഉണ്ടായിരുന്നില്ല!!ഉരുളക്കുപ്പേരി എന്ന് പറഞ്ഞ പോലെ പരേഷ് റാവലിന്റെ റോളിൽ കോമഡിക്ക് കയ്യും കാലും വെച്ച പോലെ എന്നൊക്കെ പറയുന്ന, ഫ്രോഗ് എന്ന അപരനാമം ലോപിച്ച് ഫ്രോജ് എന്നറിയപ്പെട്ടിരുന്ന പ്രദീപും.
അങ്ങനെ റിഹേഴ്സൽ തകൃതിയായി നടക്കാൻ തുടങ്ങി. പെൺവേഷത്തിൽ ജൂനിയും,കോമഡിക്കു്‌ ഫ്രോജും, ലീഡ് റോളിൽ മസ്തനും പിന്നെ ബാക്കി ടീമും തകർത്ത് പ്രക്ടീസ് ചെയ്തു.
എതാണ്ട് ദിവസം അടുത്തു വരുന്നെനെ എല്ലരുടെയും ഡ്രസ്സുകൾ ഒക്കെ ശരിയാക്കി വരുമ്പോളാണ്‌ ഒരു മേജർ പ്രോബ്ലത്തിലേക്ക് എല്ലാരുടെയും ശ്രദ്ധ തിരിഞ്ഞതു്‌. ഹീറോയിന്റെ ഡ്രസ്സും വിഗ്ഗും ഒക്കെ റെഡിയായെങ്കിലും ഒരു സ്ത്രീരൂപം ആവാൻ ഇനിയും ട്ടച്ച് അപ്പ്സും ഫില്ലിങ്ങ്സും വേണ്ടി വരുമല്ലൊ എന്ന് .
മജൊറിറ്റി അഭിപ്രായം ഒരു ബ്രാ വാങ്ങി ഇട്ട് ഉള്ളിൽ തുണി തിരുകാം എന്നായിരുന്നു. എന്നാൽ ഹീറോയിനായ നമ്മുടെ കഥാനായകന്‌ ബ്രാ ഇടുന്നത് അത്ര അങ്ങ് ദഹിച്ചില്ലാ. ഉടൻ വന്ന് എക്സ്പെർട്ട് കമന്റ്.


എന്തിനാ ബ്രാ, നമുക്ക് ചിരട്ട വെച്ച്‌ ഒരു മുലക്കച്ച കെട്ടിയാപ്പോരേ?? അതാണ്‌‌ ശരി,അത് തന്നെ മതി എന്ന് കയ്യടിച്ച് പാസ്സ് ആക്കുകയും ചെയ്തു
 
അങ്ങനെ ഫൈൻ ആർട്സ് ഡേ വന്നു.


അടുത്തതായി സാജിദും ടീമും അവതരിപ്പിക്കുന്ന തു ചീസ് ബഡി ഹൈ എന്നു കേട്ടപാടെ നമ്മൾ ഫുൾ ടീം സ്റ്റെയ്ജിനു തൊട്ട് മുന്നിൽ തന്നെ വന്നിരുന്നു
സാജിദും ടീമും തകർപ്പൻ എൻട്രി നടത്തി കരഘോഷങ്ങൾ ഏറ്റ് വാങ്ങിയതിനു പിന്നാലെ നമ്മുടെ ഹീറോയിൻ കടന്ന് വന്നു. തിളങ്ങുന്ന വെള്ള പാവാടയും ബ്ലൗസും നീണ്ട മുടിയുമൊക്കെയായി മന്ദം മന്ദം പാട്ടിനനുസരിചു ആടി അവൾ കടന്നു വന്നു. ചിരട്ട സെലക്റ്റ് ചെയ്തവൻ യാതൊരു ശുഷ്കാന്തിയും കാണിച്ചിരുന്നില്ല!! ബ്ലൗസിനുള്ളിൽ വരിഞ്ഞു കെട്ടിയ മുലക്കച്ചക്കുള്ളിൽ വീർപ്പുമുട്ടിയ ചിരട്ടയിലേക്ക് ഒരായിരം ആൺ കണ്ണുകൾ തുറിച്ചു.
 
കാര്യം പെൺ വേഷമാണെങ്ങിലും പാട്ട് മുറുകിയപ്പോളവന്റെ ഉള്ളിലെ ആൺകുട്ടി ഉണരാൻ തുടങ്ങി.


പാട്ടിനു പുറമെ കനത്ത ചൂളം വിളിയും. അവൻ മതി മറന്നാടാൻ തുടങ്ങി.

ദുബൈയിലെ ഡ്രൈയിനെജ് കനത്ത മഴക്ക് ഡിസൈൻ ചെയ്തതല്ല എന്ന് പറയുന്ന പോലെ ആ മുലക്കച്ച കനത്ത ഡാൻസ് സ്റ്റെപ്പുകൾക്ക് ഡിസൈൻ ചെയ്തതല്ല എന്ന കാര്യം അവൻ മറന്ന് പോയി.

തന്റെ സ്ത്രീത്വം താഴുന്നു എന്നു തോന്നിയപ്പോൾ അവൻ ഒരു തവണ ഒന്നു പൊക്കാൻ ശ്രമിച്ചു.

അപ്പോഴെക്കും ഫ്രോജ് എൻട്രി നടത്തി.കോമഡി കാണിച്ചാണ്‌ ഫ്രോജ് കയറിയതെങ്ങിലും അവന്റെ കണ്ണുകളും ഹീറോയിന്റെ നെഞ്ച്ത്തായിരുന്നു.

ആണായാലെന്താ,ചിരട്ടയായലെന്താ പെണ് വേഷമല്ലേ എന്ന് കരുതിയാണോ അതോ ഒരു പണി കൊടുക്കാം എന്നു കരുതിയാണോ എന്നറിയില്ല ഡാൻസ് കളിച്ചു കളിച്ച് ഫ്രോജിന്റെ കൈകൾ നമ്മുടെ കഥാനായകനായ ഹീറൊയിന്റെ നെഞ്ചത്ത് ഒന്നു പതിച്ചു.

കൈ നെഞ്ചത്തു പതിക്കലും മുലക്കച്ച ഫുൾ ലൂസ് ആയി വയറ്റിലെത്തിയതും മുന്നിൽ ഉള്ള ജനങ്ങൾ മുഴുവൻ കൂവാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.

``തൂങീ!!!!!!!!!!!!കൂ!!!!!!!

ഒരു വിധം പുറം തിരിഞ്ഞ് നിന്ന് മുലക്കച്ചയിൽ നിന്ന് ചിരട്ട പുറത്ത് ചാടാതെ പിടിച്ച്, ചന്തി മാത്രം ആട്ടി അവൻ സ്റ്റെയ്ജിൽ നിന്നും എസ്കേപ്പ് ആയെങ്ങിലും തൂങ്ങി എന്ന പേര്‌ ഇന്നും അവനെ വിടാതെ പിന്തുടരുന്നു!!!

Saturday, June 19, 2010

ആർട്ട് ഓഫ് ലിവിങ്ങ്

വരണ്ടുണങ്ങിയ മറ്റൊരു വെക്കേഷൻ കള്ള് കുടിയും മാടിക്കെട്ടും തിരിഞ്ഞു കളിയും ആയി കൊണ്ടാടുമ്പോൾ അടുത്ത വീട്ടിലെ ചന്ദ്രമതി ചേച്ചി കുറേ പറഞ്ഞതാ ആർട്ട് ഒഫ് ലിവിങ്ങിനു ചേരാൻ.


``ഹേ നമ്മളില്ലപ്പാ അയിനൊന്നും,അതെല്ലം വയസ്സന്മാർക്കു പറഞ്ഞതാ`` എന്നു പറഞ്ഞു എന്നും സ്കൂട്ട് ആവും.

ഇനി അഥവാ ചേർന്നാൽ തന്നെ അവരെങ്ങാനും കള്ള് കുടിക്കരുത്‌,സിഗരെറ്റ് വലിക്കരുതു്‌,നോൺ വെജ് കഴിക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ ഒഴിവാക്കേണ്ടി വരും: ദുശീലങ്ങൾ അല്ല,ആർട്ട് ഒഫ് ലിവിങ്ങ്!!

നായീന്റെ വാൽ ഓടക്കുഴലിൽ ഇട്ടാലും നേരെ ആവൂല എന്നു പറഞ്ഞ പോലെ നമ്മൾ വീണ്ടും പാതിരിപ്പറമ്പ് മൈതാനം തേരാപ്പാരാ നടന്നളന്നും, ഡ്രൈവിങ്ങ് ടെസ്റ്റിനു വരുന്ന കളേഴ്സിന്റെ വായി നോക്കിയും ഒരു വിധം സമയം ചവുട്ടി നീക്കി.

ആയിടയ്ക്ക് വെക്കേഷനിൽ ഉണ്ടായിരുന്ന വേറെ രണ്ട് തേരാപ്പാരാ ഫ്രെണ്ട്സ് പറഞ്ഞു നമുക്ക് കട്ട മണിയുടെ ജിമ്മിൽ ചേരാം എന്നു.ഹേങ്ങറിൽ തുണി ആറിയിട്ട പോലത്തെ രൂപം പറ്റുമെങ്ങിൽ ഒന്നു കട്ട ആക്കണം എന്നു നന്നായി ആഗ്രഹം ഉള്ളത് കൊണ്ട് മടിച്ചാണെങ്ങിലും മറുത്തൊന്നും പറഞ്ഞില്ല.

ലങ്കോട്ടി ഒക്കെ റെഡിയാക്കി പിറ്റേന്ന് രാവിലെ മൂന്നാളും മൈതാനത്തു കണ്ടു മുട്ടി.

``ഒരു പൊക ഇട്ട് പോകാം അല്ലേ???`` തേരാപ്പാര വൺ

``പിന്നെന്താ `` തേരാപ്പാരാ ട്ടു ശരി വെച്ചു.

പൊക എല്ലാം വിട്ട് മാധവാ ഹോട്ടലിന്റെ മുന്നിൽ എത്തുമ്പോഴെക്കും മൂന്നാൾക്കും ചെറിയ കിതപ്പു തോന്നിത്തുടങ്ങിയിരുന്നു. മാധവാ ഹോട്ടെൽ കഴിഞ്ഞാണു ജിം.

``ഓരോ ചായ കുടിച്ചാലോന്നു ചോദിക്കെണ്ട താമസം മൂന്നാളും ഹോട്ടലിൽ കയറി.

``മൂന്ന് ചായ``

``കഴിക്കാൻ എന്താ??``

``ഒന്നും വേണ്ടാ,കാലിച്ചായ മതി``

``നല്ല ചൂട് വെള്ളപ്പം കടലക്കറിയുണ്ട്,ഓരോന്നെടുക്കട്ടെ?``
``എന്നാ ഓരോന്നടിക്കാം അല്ലേ??`` ആ പോരട്ടെ!!


ഹോട്ട്ലിൽ നിന്നിറങ്ങിയപ്പോൾ വയർ ഫുള്ള്!!

ഇനി എങ്ങെനെയാ ഇന്ന് ജിമ്മിൽ പൊവുക?? നമ്മക്ക് നാളെ പോകാം.

ഇതു പിന്നെ പതിവായി. രാവിലെ എണീക്കും,മാധവാ ഹോട്ടൽ വരെ എത്തും, ഫുഡ് അടിച്ച് തിരിച്ചു പോകുംഞാൻ പിന്നേം തുണി ഹാങ്ങറിൽ ഇട്ട പോലെ തന്നയിരുന്നു.
 
അങ്ങനെ ഇരിക്കുന്ന ഒരു ദിവസം വൈകിട്ട് അച്ചന്റെ സ്കൂട്ടർ കൊടുക്കാൻ അച്ചന്റെ സ്കൂളിൽ പോയതായിരുന്നു ഞാൻ. ഗെയ്റ്റ് കടന്നപ്പോഴെ അവിടെ എന്തോ പരിപാടി നടക്കുന്നു എന്ന് മനസ്സിലായി. പതിവിനു വിപരീതമായി നിറയെ വലിയ കാറുകൾ നിർത്തിയിട്ടിരിക്കുന്നു. സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട് അച്ചനെ നോക്കി സ്റ്റാഫ് റൂമിന്റെ നേർക്ക് വിട്ടു. ഹാളിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ടോം ആൻഡ് ജെറിയിൽ ടോമിന്റെ കണ്ണുകൾ തള്ളുന്ന പോലെ തള്ളി സോക്കറ്റിൽ നിന്നും പുറത്തു തൂങ്ങി!!ഹാളിൽ ഫുള്ള് കളേഴ്സ്!!! അതും പോഷ്!!ഫുൾ ഫാഷനെബിൾ!!!


പിന്നെ അച്ചനെ നോക്കി ഓടുകയായിരുന്നു.

അച്ചന്റെ കൈയ്യിൽ താക്കോൽ കൊടുക്കുന്നെനു മുന്നെ ചോദിച്ചു,

``അച്ചാ, അവിടെ ഹാളിൽ എന്താ പരിപാടി??``

``ഓ അതു ആർട്ട് ഒഫ് ലിവിങ്ങിന്റെ എന്തോ ക്ലാസോ മറ്റോ ആണു,എന്തേ??``

``ഒന്നുല്ല,ബെറുതെ ചോദിച്ചതാ``,എന്നാ ഞാൻ പോട്ടേ!!

പക്ഷെ ഞാൻ പോയത്‌ ഹാളിന്റെ അടുത്തേക്കായിരുന്നു
എങ്ങനെ ഈന്റാത്ത് കേറിപ്പറ്റും എന്നാലൊചിച്ച് നിക്കുമ്പോളതാ മരുഭൂമിയിൽ പെപ്സിയുടെ വെണ്ടിങ്ങ് മെഷീൻ പോലെ എഞ്ചിനീയറിങ്ങ് കോളേജിൽ കണ്ട് പരിചയം ഉള്ള ഒരു സീനിയർ മേശപ്പുറത്തു ബുക്കും നോട്ടീസുമൊക്കെയായി ഇരിക്കുന്നു.


ചേട്ടാ, ഓർമ്മ ഉണ്ടോ (ഈ മുഘം) എന്ന് ചോദിച്ചു ഞാൻ ചാടി വീണു.

``ആ,എന്താ ഇവിടെ??`

``ഒന്നുമ്മില്ല!! ന്റച്ചൻ ഇവിടെ മാഷാണ്‌, അല്ല, എനിക്കും ആർട്ട് ഓഫ് ലിവിങ്ങ് ചേരണം എന്നു കുറേ ആയി വിചാരിക്കുന്നു``

``അതിനെന്താ, 700 രൂപ അടച്ച് ചേരാലോ!!``

അകത്തുള്ള കളേഴ്സിന്റെ കൂടെ ഇടപഴകുന്നതാലൊചിച്ച് എന്റെ മനസ്സിൽ തൃശ്ശൂർപ്പൂരത്തിനു പടക്കം പൊട്ടുന്നത് പോലെ പൊട്ടാൻ തുടങ്ങി.

കപ്പലിൽ നിന്നിറങ്ങിയ സമയമായതിനാൽ പൈസക്ക് പഞ്ഞമ്മില്ലായിരുന്നു.

ഉടൻ പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്തു നീട്ടി.

``അയ്യോ, ഈ ബാച്ച് ഫുൾ ആയല്ലോ, ഇതിൽ ചേരാൻ പറ്റൂല!!!``

ലാസ്റ്റ് വിട്ട വാണം പൊട്ടാതെ പിശി ആയി വീണ പോലെ ആയി എന്റെ അവസ്ഥ!!

``ഇനി എന്താ ചെയ്യാ??``ഞാൻ ചോദിച്ചു.

``അടുത്ത ആഴ്ച്ച പുതിയതെരു സഹോദയ സ്കൂളിൽ പുതിയ ബാച്ച് തുടങ്ങുന്നുണ്ട്,അവിടെ ചേർന്നോളു.
അങ്ങനെ ആറ്റ്നോറ്റിരുന്ന ആ ദിവസം വന്നു. പുതിയ കുപ്പായം എല്ലം ഇട്ട്, മുടി ബ്രിൽക്രീം ഇട്ട് സെറ്റ് ആക്കി, സ്കൂട്ടർ എടുത്ത് ഞാൻ പുതിയതെരുലേക്ക് വിട്ടു. സഹോദയ സ്കൂളിന്റെ ഗെയ്റ്റ് കടന്ന് അകത്തു കയറുമ്പോൾ ഞാൻ ഒന്നു ശങ്കിച്ചു. അന്ന് കണ്ട പോലെയുള്ള വലിയ വണ്ടികൾ ഒന്നും കാണുന്നില്ല.


വണ്ടി സ്റ്റാൻഡിൽ ഇട്ട് സ്റ്റെപ്പ് കയറുമ്പോൾ ഇതു തന്നെയാണൊ സ്ഥലം എന്ന് ഒരു ചെറിയ സംശയം തോന്നിയെങ്ങിലും രെജിസ്റ്റ്രെഷന്‌ ആൾ ഇരിക്കുന്നത് കണ്ടപ്പോൾ സമാധാനം ആയി. അകത്തു നിന്ന് ആരോ പ്രഭാഷണം ചെയ്യുന്ന പോലെ തോന്നി.

``തുടങ്ങിയോ??``

``ദാ ഇപ്പം,ഒരു കാമണിക്കൂർ ആയി``

പൈസ വാങ്ങി രശീത് തന്ന് പറഞ്ഞു, ഒച്ച ഉണ്ടാക്കതെ അകത്തു്‌ കയറി ഇരുന്നു കൊള്ളു.

ഭഗവാനേ നല്ല കളേഴ്സ് കാണണേ എന്നു പ്രാർത്‍ഥിച്ച് ഞാൻ വലത് കാൽ വെച്ച് അകത്തു കയറി.

വെളിച്ചം കുറവായതു കൊണ്ട് ആൾക്കാരെ ശരിക്കും കാണാൻ പറ്റിയില്ല. മുന്നിൽ തന്നെ കിട്ടിയിടത്തിരുന്നു.

കണ്ണുകൾ ആ അരണ്ട വെളിച്ചത്തോട് ഐക്യം പ്രഖ്യാപിച്ചപ്പോൾ ഞാൻ മെല്ലെ ചുറ്റും കണ്ണുകൾ പായിച്ചു.

കാര്യങ്ങൾ ക്ലിയർ ആയി വന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി. ദൈവമേ!! എഴുന്നൂറ് രൂപ വെറുതേ ആയൊ???ആകെ ഒരു ഇരുപത് പേർ കാണും റൂമിൽ. ഒരു പതിനഞ്ച് കിഴവന്മാർ,പിന്നെ ബാക്കി കിഴവികളും.

നൊ കളേഴ്സ്!!

അന്നത്തെ സെഷൻ ഒരു വിധം സഹിച്ച് പുറത്തിറങ്ങി. രെജിസ്റ്റ്രെഷനിൽ ഉണ്ടായിരുന്ന പുള്ളിയൊടു ചോദിച്ചു ഇനി ആരെങ്ങിലും ജൊയിൻ ചെയ്യാൻ ഉണ്ടോ എന്നു്‌. ഇല്ലാ എന്നു യാതൊരു ദയയും കൂടാതെ കശ്മലൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ കിടക്കേന്ന് കുത്തി എഴുന്നേല്പ്പിച്ച് അമ്മ ചോദിച്ചു, ഇന്നു ആർട്ട് ഓഫ് ലിവിങ്ങ് ക്ലാസ്സില്ലേന്ന്

``ഓ ഞാൻ പോനില്ല,അവര്‌ നോൺ വെജ് കഴിക്കാൻ പാടില്ലാന്നു പറഞ്ഞു!! എന്നെ കൊണ്ട് വയ്യ പചക്കറി തിന്ന് കഴിയാൻ!!

പിന്നേ,നമ്മടടുത്താ കളീ??എന്റെ പട്ടി പോകും!!!

Thursday, June 10, 2010

കാട്ടാളനും കാട്ടുതേനും

ഓസപ്പന്മാരുടെ ഒരു സംസ്ഥാന സമ്മേളനം എന്നൊക്കെ പറഞ്ഞപോലെ ആയിരിന്നു കോളേജ് ജീവിതം. പല സൈസിലും പല രൂപത്തിലും ഉള്ള ഒട്ടനവധി ഓസപ്പന്മാരുടെ ഒരു കലവറ. സീറോ ഇൻ‍വെസ്റ്റ്മെന്റിൽ എങ്ങനെ നാലു കൊല്ലം മൃഷ്ടാനം കഴിഞ്ഞു കൂടും എന്ന് ആലോചിച്ചു നടക്കുന്ന ഒരു റ്റൈപ്പ് വർഗ്ഗത്തിന്റെ വിഹാരകേന്ദ്രം.

മുകുന്ദേട്ടന്റെ സ്റ്റോറിൽ നിന്നും അപ്പാപ്പന്റെ കടയിൽ നിന്നും മിട്ടായികളും അല്ലറ ചില്ലറ സാധനങ്ങളും പൊക്കുന്ന മോഷണ രോഗം ഉള്ള ഓസപ്പന്മാർ ഒരു റ്റൈപ്പ്.

ജൂനിയെർസിന്റെ അടുക്കൽ നിന്നു റാഗിങ്ങിന്റെ പേരിലും, പെമ്പിള്ളേരുടെ അടുക്കൽ നിന്നും സിം‍പതിയുടെ പേരിലും പണം പിടുങ്ങി കള്ളും ഫുഡ്ഡും അടിക്കുന്ന ഓസപ്പന്മാർ മറ്റൊരു റ്റൈപ്പ്.

അടുത്ത രണ്ടു റ്റൈപ്പ് ഹോസ്റ്റലിൽ മാത്രം കാണപ്പെടുന്നവയാണു്‌.

ഒന്ന് ഹോസ്റ്റൽ അന്തേവാസി അല്ലാതെ ആരുടെയെങ്ങിലും അതിഥി ആയി വന്ന്‌ നിന്ന് ഫുഡ്ഡ് അടിചു പോകുന്നവർ.എല്ലാ ദിവസവും ഒരേ ആളുടെ അതിഥി ആവാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ആദ്യത്തെ മൂന്ന് വർഷം ഞാനും ആ കൂട്ടത്തിൽ ആയിരുന്നു.

നാലാമത്തെ റ്റൈപ്പ് ഹോസ്റ്റൽ അന്തേവാസി തന്നെ ആണ്‌, പക്ഷെ നിത്യോപയോഗ സാധനങൾക്ക് വേണ്ടി ഈ റ്റൈപ്പ് അഞ്ച് പൈസ ചിലവാക്കൂല!! രാവിലെ വല്ലവനും ഇസ്തിരി ഇട്ടു വെച്ച ഡ്രെസ്സുകൾ അടിച്ചു മാറ്റി ഇടുക, മറ്റുള്ളവരുടെ സോപ്പ്,ചീർപ്പ്,പേസ്റ്റ് തുടങ്ങിയവ നിർദാക്ഷിണ്യം എടുത്തുപയോഗിക്കുക എന്നതാണു്‌ ഈ കൂട്ടത്തിന്റെ വീക്ക്നെസ്സ്.

കാട്ടാളൻ ഈ നാലാമത്തെ റ്റൈപ്പിൽ പെട്ടതാണ്‌.

അവന്റെ വീക്ക്നെസ്സ് എണ്ണ ആയിരുന്നു. അവന്‌ എന്നും എണ്ണ തേച്ചു കുളിക്കണം.എന്നാൽ സ്വന്തമായി കാശു കൊടുത്ത്‌ എണ്ണ വാങി കുളിക്കാൻ മാത്രം അഹങ്കാരി ആയിരുന്നില്ല അവൻ. അവന്റെ റേഷൻ കട ആയി ഷൽജന്റെ മുറി ബാത്ത്‍റൂമിന്റെ അടുത്ത് തന്നെ ആയതു തികച്ചും യാദൃശ്ചികം മാത്രം. എണ്ണ തീരുന്നതിനനുസരിച്ചു ഷൽജൻ കുപ്പി നിറച്ചു കൊണ്ടിരുന്നു,കാട്ടാളൻ തേച്ചു കൊണ്ടിരുന്നു.
എന്നാൽ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന യമരാജാവിന്റെ വാഹനത്തിന്റെ കസിന്റെ പേരുള്ളവനും രൂപത്തിൽ യമരാജവിനോടാണോ അതോ അദ്‍ദേഹത്തിന്റെ വാഹനത്തിനൊടോ കൂടുതൽ സാമ്യം എന്നു സംശയം തോന്നിപ്പിക്കുന്നവനുമായ മൂരിക്ക്‌ ഇതൊന്നും അത്ര ദഹിച്ചില്ല!


ഷൽജൻ ഇതൊക്കെ കണ്ണടച്ചു സ്വീകരിച്ചെങ്ങിലും ഇതിനെതിരെ പ്രതിഷേധിച്ചേ മതിയാവൂ എന്നവൻ ഉറപ്പിച്ചു.

ഒരു ദിവസം പതിവിലും നേരത്തെ എണീറ്റ് മൂരി ഒരു എണ്ണക്കുപ്പിയുമായി ഷൽജന്റെ റൂമിലെക്കു വിട്ടു.

കാട്ടാളൻ ദിനചര്യക്കു വരാൻ ഇനിയും നേരം ഉണ്ട്. വാതിൽ തുറക്കുന്നതു കേട്ട് ഉറക്കചടവോടെ ഷൽജൻ കിടക്കയിൽ നിന്നും കണ്ണു തുറന്നു നോക്കി.

ങേ,ഇതെന്താ പതിവിനു വിപരീതമായി ഇന്നു മൂരി വന്നിരിക്കുന്നത്‌. ഷൽജൻ കിടന്നിടത്തു നിന്നു പകുതി കണ്ണു തുറന്ന് നോക്കി. മൂരി അതാ ഷൽജന്റെ എണ്ണക്കുപ്പി തുറക്കുന്നു, അതിൽ നിന്നും എണ്ണ അവൻ കൊണ്ടു വന്ന കുപ്പിയിലെക്കു മാറ്റുന്നു. ഇവൻ എന്താ ഈ ചെയ്യുന്നെ എന്നു ആലോചിക്കുമ്പോലെക്കും മൂരി തിരിഞ്ഞു നിക്കുന്നതു കണ്ടു. പിന്നെ എന്തോ പൈപ്പ് തുറന്ന പോലെ ഒരു ഒച്ച കേട്ടു.

പൈപ്പ് സ്റ്റൊപ് ആയതും മൂരി തിരിഞ്ഞു നിന്നു. അവന്റെ കയ്യിലെ എണ്ണ കുപ്പി വീണ്ടും മുക്കാൽ ഭാഗം നിറഞ്ഞിരിക്കുന്നു. നോക്കികൊണ്ടിരിക്കുംബൊഴെക്കും അവൻ കൊറച്ചു എണ്ണ എടുത്ത്‌ കുപ്പിയുടെ മുകളിലും തേച്ചു.

കുപ്പി മൂടിവെച്ച്‌ മൂരി തിരിയുമ്പോലെക്കും കാട്ടാളൻ വാതിൽ തുറന്ന് വന്നു.

``ഗുഡ് മോർണിങ്ങ്!! എന്താടാ മൂരി രാവിലെ തന്നെ ഇവിടെ?``

ഇതു പറയുമ്പോലെക്കും അവൻ കുപ്പി കൈയ്യിൽ എടുത്തു മൂടി തുറന്നിരുന്നു.
ഷൽജൻ ചാടി എഴുന്നേറ്റു.


``ടാ അത് തേക്കല്ലേ അത് മൂത്രമാണു എന്നു പറയുമ്പൊഴെക്കും കാട്ടാളൻ കൈയ്യിൽ ഒഴിച്ച്  തേച്ചു തുടങ്ങിയിരുന്നു !!

അപ്പോഴാണ്‌ കാട്ടളൻ കൈയ്യിലും കുപ്പിയിലുമുള്ള എണ്ണയുടെ കോമ്പോസിഷൻ ശരിക്കും ശൃദ്ധിച്ചത്‌.

നായിന്റെമോനേ എന്നലറി ജനലിലൂടെ എണ്ണക്കുപ്പി വലിച്ചെറിഞ്ഞ കാട്ടാളൻ പിന്നീട് കോളെജ് കഴിയുന്നത് വരെ എണ്ണ തേച്ചു കുളിച്ചിട്ടില്ലാ എന്നാണ്‌ അടുത്ത വൃത്തങ്ങൾ അറിയിച്ചത്‌!!

Monday, June 7, 2010

ബൊംബൈ ചെന്നൈ എക്സ്പ്രെസ്സ്

കോളേജ് കഴിഞ്ഞിറങ്ങിയ കാലത്ത് കയ്യിൽ മിക്കവാറും നൂറ് രൂപ പോലും കാണില്ലെങ്കിലും ലക്ഷത്തിന്റെ അഹങ്കാരം വിടാതെ കൈവശം വെച്ചിരുന്നു. ഒരു ലക്ഷത്തി ഒരു രൂപ എന്നു പറഞ്ഞ പോലെ എഞ്ചിനീയറിങ്ങ് ഡിഗ്രിയുടെ അഹങ്കാരം വേറെയും. അന്നു ദുബായിൽ എത്തിയിരുന്നില്ലായിരുന്നല്ലൊ. എത്തിയിരുന്നെങ്കിൽ ഒന്നു നീട്ടി‍ത്തുപ്പിയാൽ ഒരു നൂറ് മലയാളി എഞ്ചിനീയർമാരുടെ ദേഹത്ത് വീഴുമായിരുന്നു എന്നു കണ്ടിരുന്നെങ്കിൽ അഹങ്കാരത്തിനു ചെറിയൊരു ശമനം വന്നേനെ!!


ഏതായാലും ജോലി തപ്പി ഞാനും കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിലെ മുക്കാൽ ഭാഗം മെക്കാനിക്കൽ എഞ്ചിനീയരിങ്ങ് ഗ്രാജുവെറ്റ്സിനെ പോലെ മുമ്പയിലെക്ക് ;സോറി,അന്നത്തെ ബോംബെയിലെക്കു വണ്ടി കയറി.

പൻ‍വേലിലെ കസിന്റെ വീട്ടിലും താനെയിലെ ആപ്പന്റെ വീട്ടിലും മാറി മാറി ഓസിനു താമസിച്ചു ജോലി തപ്പുന്ന നേരത്താണ്‌ പി ആന്റ് ഒ നെട് ലോയ്ട് എന്ന് വമ്പൻ ഷിപ്പിങ്ങ് കമ്പനി ഇന്റർവ്യൂന്‌ മദ്രാസിലെക്കു വിളിച്ചത്.

മുംബൈ ചെന്നൈ എക്സ്പ്രെസ്സ് ആയിരുന്നു എന്നാണ്‌ ഓർമ്മ. കാലം കുറേ ആയില്ലെ. ഉച്ച കഴിഞ്ഞാണു ഞാൻ ആ സെക്കെന്റ് സ്ലീപ്പർ ക്ലാസ്സ് കമ്പാർട്ട്മെന്റിൽ കയറിയത് എന്നാണ്‌ ഓർമ്മ. എന്റേതു അപ്പർ ബെർത്ത് ആയിരുന്നു. എന്റെ ബേഗ് മുകളിൽ വെച്ച് എയർ വിടാതെ ഒരു ഇം‍ഗ്ലിഷ് നോവൽ തുറന്നു പിടിച്ച് ഞാൻ ഇരിന്നു. ആൾ ഇസ് വെൽ എന്ന് മനസ്സിൽ വിചാരിച്ചു തിരിഞ്ഞു നോക്കുമ്പൊഴ് അതാ ഒരു പക്കാ തമിഴ് ഫാമിലി കടന്നു വരുന്നു. അച്ചൻ,അമ്മ,രണ്ട് മക്കൾ...സ്റ്റിൽ ആൾ ഇസ് വെൽ!!! നോ നോ നോ!!അച്ചൻ,അമ്മ,രണ്ട് മക്കൾ പിന്നെ ഒരു എട്ട് ബേഗും!! താഴത്തെ രണ്ട് സീറ്റിന്റെ അടിയിലും നോ സ്ഥലം!! ആകെ ഒഴിവുള്ള സ്ഥലം മുകളിൽ എന്റെ ബെർത്ത്!! ഞാൻ താഴെ സീറ്റിൽ ഇരുന്ന് ബുക്ക് വായിക്കുന്നു. പോട്ടെ രൈറ്റ് എല്ലാം മുകളിലെക്കു പോകട്ടെ എന്നു പറഞ്ഞ് ആൾ ഏയ്റ്റ് ബേഗ്സ് മുകളിലെ ഒഴിഞ്ഞ സ്ഥലത്തെക്കു പോയി. താഴെ ഫുൾ ഫാമിലി ആസനസ്തരായി!!

ഞാൻ ബുക്കിൽ നിന്ന് തല എടുത്തില്ല!! എന്തിനു വെയ്റ്റ് വിടണം.!!

ഏതാണ്ടു ഒരു നാലു ചാപ്റ്റെർ കഴിഞ്ഞപ്പൊഴാണു ഒന്ന് ഉറങ്ങിയാൽ കൊള്ളാം എന്നു തോന്നിയത്‌. എഴുന്നേറ്റു മുകളിലെക്കു നോക്കിയപ്പോൾ മൈ ബെർത് ഇസ് ഒക്കുപ്പൈട്‌.. ഫുൾ ബ്ലഡി ബേഗ്സ്!!

ഉടനെ തമിഴ് ഹെഡ്‌ ഒഫ് തി ഫാമിലിയുടെ നേരെ തിരിഞ്ഞു. തമിഴ് അറിയാത്താതിനാൽ ഹിന്ദിയിൽ കാച്ചി.

``ഭായ് സാബ്,മുഝെ സോനാ ഹൈ!! സറാ ആപ് അപ്നെ ബേഗ്സ് ഹടായിയെ!!

നമ്മൈ അണ്ണയുടെ ആദ്മി അല്ലെ,അങ്ങനെ വിട്ടു തരുമൊ

''തമ്പി, അഭി മൈ ക്യാ കരൂം. അഭി ക്യൂ സൊതെ ഹൊ?? രാത് കൊ സൊ ജായിഎ ആപ്‌``

പിന്നീടങ്ങൊട്ടു കേരളവും തമിഴ് നാടും തമ്മിൽ കടുത്ത തർക്കം തന്നെ ആയിരുന്നു.

എന്തായാലും ഒടുവിൽ നമ്മുടെ അച്ചു മാമയുടെയും കരുണങ്ക്ലിന്റെയും കേരളം തന്നെ വിജയിച്ചു. ഞാൻ മുകളിൽ കയറി കിടന്നു. കേറ്ററിങ്ങ് ആൾ വന്നാൽ ഫുഡ്‌ ഒർഡെർ കൊടുക്കാം എന്നു കരുതി ഞാൻ സമാധാനം ആയി ഉറങ്ങി.
ഏതാണ്ടു ഒരു ഒമ്പതു മണിയോടെ ആണു എന്റെ ഉറക്കം ഞെട്ടിയത്‌. നല്ല വിശപ്പ്!!


കേറ്ററിങ്ങ് ആൾക്കാർ ഒന്നും വിളിച്ചില്ലാലൊ ദൈവമെ എന്ന് കരുതി താഴോട്ട് നോക്കുമ്പൊഴ് തമിഴ് ഫാമിലി ബേഗുകൾ ഓരോന്നായി തുറന്ന്‌ ഇടലി, ചട്ട്നി, ചപ്പാത്തി,മസാല കറി എന്നിവ നിരത്തി വെക്കുന്നു. ഒരു വലിയ പാത്രം നിറയെ ഇടലി കാണുന്നുണ്ട്‌. ആർത്തി പൂണ്ടു ഞാൻ താഴൊട്ട് നോക്കിയിരിക്കുമ്പൊഴ് പെട്ടനെ തമിഴൻ എന്റെ നെരെ ഒരു നോട്ടം.

``ഖാനാ ഖായാ ക്യാ??``

ചമ്മൽ മറച്ചു ഞാൻ പറഞ്ഞു,``നഹി, അഭി കേറ്ററിങ്ങ് വാല ആയെഗാ തൊ ഖാനാ ലെ ലൂങ്ക``

``പർ കേറ്ററിങ്ങ് വാലാ തൊ ആക്കെ ചലാ ഗയാ`` ഇടി വെട്ടെറ്റവനെ പാമ്പ് കടിചപൊലെ തമിഴൻ!!!

എന്റെ ഭഗവാനേ വിശന്നിട്ട് കണ്ണ്‌ കാണാൻ വയ്യ!!

തമിഴൻ ഒരു രണ്ട്‌ ഇടലി കൂടെ തിന്നു, വീണ്ടും മോളിലൊട്ട് നോക്കി.


``ഖാനാ ഖായെഗാ??``

ദൈവമെ ഇതെന്തൊരു പരീക്ഷണം!! ഇത്രയും നേരം അവനോടു തല്ല് കൂടിയിട്ട് ഇപ്പോൾ അവനോടു തന്നെ ഭക്ഷണം വാങേണ്ടി വരുന്നു.

എന്തായലും വിശപ്പിന്റെ വിളിക്കായിരുന്നു പവർ കൂടുതൽ. ചമ്മൽ പോയ വഴിയിൽ പുല്ല് പോലും മുളച്ചിട്ടുണ്ടാവില്ല!!

മിണ്ടാതെ താഴെ ഇറങ്ങി തമിഴൻ കനിഞ്ഞു തന്ന ഇടലിയും ചട്ട്നിയും വയറ് നിറയെ കഴിച്ചു.

പിന്നിടങോട്ടു ചെന്നൈ  വരെ ഞാൻ ഒരു തമിഴ് ഫാമിലി മെംബെർ ആയി മാറി.

എല്ലാം വയറിനു വേണ്ടി!!!

Thursday, June 3, 2010

ചിത

മഴ പെയ്യുന്ന രാത്രികളില്‍ കട്ടന്‍ കാപ്പിയും സിഗറെറ്റും കയ്യില്‍ പിടിച്ചു മഴ നോക്കി നില്‍ക്കുമ്പോള്‍ എന്നും ഞാന്‍ അവനെ ഓര്‍ക്കും.


അവനെ കാണാന്‍ പോയ യാത്ര ഓർക്കും!!

എന്റെ ഓര്‍മകളില്‍ അവന്റെ വിരല്‍ തുമ്പത്തെന്നും ഒരു ബീഡി കുറ്റിയോ സിഗരറ്റോ ഉണ്ടായിരുന്നു.

പരീഷ സമയങ്ങളില്‍ രാത്രി കാലത്ത് ഒറക്കമിളിക്കാന് ഒരു സിഗരെറ്റ് തപ്പി അവന്റെ റൂമില്‍ പോയാല്‍ പ്ലാസ്റ്റിക്‌ മടഞ്ഞ ചാരു കസേരയില്‍ ചടഞ്ഞിരുന്നു കട്ടന്‍ അടിക്കുന്ന അവനെ എനിക്കിന്നും നല്ല ഓര്‍മ ഉണ്ട്.

എഞ്ചിനീയറിങ്ങ് കോളെജ് ജീവിതത്തിൽ എപ്പോഴൊ അറിയാതെ നമ്മുടെ ഇടയിലെക്കു കടന്നു വന്നവൻ.

നമ്മുടെ ക്ലാസ്സില്‍ അല്ലായിരുന്നെങ്ങിലും എന്നും അവന്‍ നമ്മളുടെ കൂടെ ആയിരുന്നു. മുറി മലയാളത്തില്‍ തെറി പറഞ്ഞും നമ്മുടെ കൂടെ ക്ലാസുകള്‍ കട്ട് ചെയ്തും, നമ്മുടെ കൂടെ വെള്ളമടിച്ചും അവന്‍ ഞങ്ങളില്‍ ഒരുവനായി.


കോളേജിലെ മൂന്നാം വര്‍ഷത്തിലെതോ ഒരു സന്ധ്യയില്‍ മദ്രാസിലേക്ക് ഇന്ന് രാത്രി പോകണം, നീ വേഗം സ്റെഷനില്‍ എത്തിക്കോ എന്ന് പറഞ്ഞു സജിത്തിന്റെ ഫോണ്‍ വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഒരു ചെറിയ ബാഗില്‍ രണ്ടു ദിവസത്തേക്കുള്ള തുണി എടുത്തിട്ട് അച്ഛനോട് കൊറച്ചു പണം വാങ്ങി ഇറങ്ങുകയായിരുന്നു.


സജിത്ത്, റെജു, സുഭാഷ്,സന്ജിത് എന്നിവര്‍ ഞാന്‍ എത്തുമ്പോഴേക്കും സ്റെഷനില്‍ എത്തിയിരുന്നു.

ആരും പരസ്പരം കുശലം പറഞ്ഞില്ല. മിണ്ടാതെ ടിക്കറ്റ്‌ എടുത്ത് വണ്ടിയില്‍ കയറി ഇരുന്നു.


രണ്ട് മാസം മുന്നെ ചെറിയ ഒരു പനി വന്നിട്ടായിരുന്നു അവനെ കൊയിലി ആശുപത്രിയില്‍ കാണിച്ചത്. ഒരു ആഴ്ച അവിടെ കിടന്നെങ്ങിലും യാതൊരു വിധത്തിലും രോഗം ഭേദം ആവുന്നത് കണ്ടില്ല. ഒടുവിൽ ആരൊ പറഞ്ഞു അശോക ഹോസ്പിറ്റലിൽ കാണിക്കാം എന്നു.

അവിടത്തെ ഡോക്ടർ ആണു കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിക്കാൻ പറഞ്ഞത്‌.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളെജിലെ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ബ്ലഡ് കാൻസറിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു അവൻ. ദൈവമെ, അവനു എല്ലാം അറിയാമായിരുന്നോ??

എല്ലാം അറിഞ്ഞു കൊണ്ടു അവൻ ഇത്രയും കാലം ചിരിച്ചോണ്ടിരിക്കയായിരുന്നോ??

പിന്നീടു അപ്പോളൊ ഹോസ്പിറ്റലിലും അവന്റെ വീട്ടുകാർ കാണിച്ചെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. അറ്റകൈ എന്ന നിലക്ക് ഒരു പ്രകൃതി വൈദ്യനെ കാണിച്ചു. രണ്ടാഴ്ച്ച മുന്നെ അവനു പ്രകൃതി ചികിൽസയിൽ കൊറച്ചു പുരോഗതി ഉണ്ടെന്നാണു കേട്ടത്‌.

പിന്നെ പെട്ടനെ എങ്ങനെ സീരിയസ് ആയി എന്ന് ചിന്തിച്ചു ഞാൻ വണ്ടിയിൽ കിടന്നു ഉറങ്ങി.

മദ്രാസിൽ വണ്ടി എത്തുമ്പോഴ് രാത്രി വൈകിയിരുന്നു. അവിടെ നിന്നു പിന്നെയും പോകണം.

പല്ലാവരത്ത്‌ വണ്ടി എത്തിയപ്പഴാണു അറിയുന്നതു അവിടെ എന്തോ ഹർതാൽ!!

അതു വഴി വന്ന ഒരു പൊലീസ് ജീപ്പിനു കൈ കാണിച്ച് നിർത്തിച്ചു, കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു ടാക്സിയിൽ കയറ്റി പോലീസ് എസ്കോർട്ടോടെ അവിടെ എത്തിക്കാം എന്നു സമ്മതിച്ചു.എത്രയും പെട്ടനെ അവന്റെ അടുത്ത് എത്തിയാൽ മതി എന്ന് എല്ലാരും പ്രാർത്ഥിച്ചു.

അവന്റെ വീടിന്റെ അടുത്തു എത്തിയപ്പോഴ് ടാക്സി കാശു കൊടുതു ഇറങ്ങി ഓടുകയായിരുന്നു എല്ലാരും.

വീടിന്റെ പുറത്തു ആൾക്കൂട്ടം കണ്ടു നമ്മൾ ഓടി അകത്തു കയറി.

എന്നാൽ അവന്റെ കട്ടിൽ കാലി ആയിരുന്നു.

എല്ലാം കഴിഞ്ഞു എന്നു ആരൊ പറഞ്ഞു. കുറച്ചു മുന്നെ ശവപ്പറമ്പിലെക്ക് കൊണ്ടുപൊയതെ ഉള്ളു, പെട്ടനെ പോയാൽ ചെലപ്പൊഴ്‌ കാണാൻ പറ്റിയെക്കും. മുഴുവൻ കേൾക്കുന്നെനു മുന്നെ നമ്മൾ ഓടാൻ തുടങ്ങിയിരുന്നു.

കത്തിതുടങ്ങിയ ചിതയിലൂടെ എന്തു കാണാനാ??