Saturday, June 19, 2010

ആർട്ട് ഓഫ് ലിവിങ്ങ്

വരണ്ടുണങ്ങിയ മറ്റൊരു വെക്കേഷൻ കള്ള് കുടിയും മാടിക്കെട്ടും തിരിഞ്ഞു കളിയും ആയി കൊണ്ടാടുമ്പോൾ അടുത്ത വീട്ടിലെ ചന്ദ്രമതി ചേച്ചി കുറേ പറഞ്ഞതാ ആർട്ട് ഒഫ് ലിവിങ്ങിനു ചേരാൻ.


``ഹേ നമ്മളില്ലപ്പാ അയിനൊന്നും,അതെല്ലം വയസ്സന്മാർക്കു പറഞ്ഞതാ`` എന്നു പറഞ്ഞു എന്നും സ്കൂട്ട് ആവും.

ഇനി അഥവാ ചേർന്നാൽ തന്നെ അവരെങ്ങാനും കള്ള് കുടിക്കരുത്‌,സിഗരെറ്റ് വലിക്കരുതു്‌,നോൺ വെജ് കഴിക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ ഒഴിവാക്കേണ്ടി വരും: ദുശീലങ്ങൾ അല്ല,ആർട്ട് ഒഫ് ലിവിങ്ങ്!!

നായീന്റെ വാൽ ഓടക്കുഴലിൽ ഇട്ടാലും നേരെ ആവൂല എന്നു പറഞ്ഞ പോലെ നമ്മൾ വീണ്ടും പാതിരിപ്പറമ്പ് മൈതാനം തേരാപ്പാരാ നടന്നളന്നും, ഡ്രൈവിങ്ങ് ടെസ്റ്റിനു വരുന്ന കളേഴ്സിന്റെ വായി നോക്കിയും ഒരു വിധം സമയം ചവുട്ടി നീക്കി.

ആയിടയ്ക്ക് വെക്കേഷനിൽ ഉണ്ടായിരുന്ന വേറെ രണ്ട് തേരാപ്പാരാ ഫ്രെണ്ട്സ് പറഞ്ഞു നമുക്ക് കട്ട മണിയുടെ ജിമ്മിൽ ചേരാം എന്നു.ഹേങ്ങറിൽ തുണി ആറിയിട്ട പോലത്തെ രൂപം പറ്റുമെങ്ങിൽ ഒന്നു കട്ട ആക്കണം എന്നു നന്നായി ആഗ്രഹം ഉള്ളത് കൊണ്ട് മടിച്ചാണെങ്ങിലും മറുത്തൊന്നും പറഞ്ഞില്ല.

ലങ്കോട്ടി ഒക്കെ റെഡിയാക്കി പിറ്റേന്ന് രാവിലെ മൂന്നാളും മൈതാനത്തു കണ്ടു മുട്ടി.

``ഒരു പൊക ഇട്ട് പോകാം അല്ലേ???`` തേരാപ്പാര വൺ

``പിന്നെന്താ `` തേരാപ്പാരാ ട്ടു ശരി വെച്ചു.

പൊക എല്ലാം വിട്ട് മാധവാ ഹോട്ടലിന്റെ മുന്നിൽ എത്തുമ്പോഴെക്കും മൂന്നാൾക്കും ചെറിയ കിതപ്പു തോന്നിത്തുടങ്ങിയിരുന്നു. മാധവാ ഹോട്ടെൽ കഴിഞ്ഞാണു ജിം.

``ഓരോ ചായ കുടിച്ചാലോന്നു ചോദിക്കെണ്ട താമസം മൂന്നാളും ഹോട്ടലിൽ കയറി.

``മൂന്ന് ചായ``

``കഴിക്കാൻ എന്താ??``

``ഒന്നും വേണ്ടാ,കാലിച്ചായ മതി``

``നല്ല ചൂട് വെള്ളപ്പം കടലക്കറിയുണ്ട്,ഓരോന്നെടുക്കട്ടെ?``
``എന്നാ ഓരോന്നടിക്കാം അല്ലേ??`` ആ പോരട്ടെ!!


ഹോട്ട്ലിൽ നിന്നിറങ്ങിയപ്പോൾ വയർ ഫുള്ള്!!

ഇനി എങ്ങെനെയാ ഇന്ന് ജിമ്മിൽ പൊവുക?? നമ്മക്ക് നാളെ പോകാം.

ഇതു പിന്നെ പതിവായി. രാവിലെ എണീക്കും,മാധവാ ഹോട്ടൽ വരെ എത്തും, ഫുഡ് അടിച്ച് തിരിച്ചു പോകുംഞാൻ പിന്നേം തുണി ഹാങ്ങറിൽ ഇട്ട പോലെ തന്നയിരുന്നു.
 
അങ്ങനെ ഇരിക്കുന്ന ഒരു ദിവസം വൈകിട്ട് അച്ചന്റെ സ്കൂട്ടർ കൊടുക്കാൻ അച്ചന്റെ സ്കൂളിൽ പോയതായിരുന്നു ഞാൻ. ഗെയ്റ്റ് കടന്നപ്പോഴെ അവിടെ എന്തോ പരിപാടി നടക്കുന്നു എന്ന് മനസ്സിലായി. പതിവിനു വിപരീതമായി നിറയെ വലിയ കാറുകൾ നിർത്തിയിട്ടിരിക്കുന്നു. സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട് അച്ചനെ നോക്കി സ്റ്റാഫ് റൂമിന്റെ നേർക്ക് വിട്ടു. ഹാളിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ടോം ആൻഡ് ജെറിയിൽ ടോമിന്റെ കണ്ണുകൾ തള്ളുന്ന പോലെ തള്ളി സോക്കറ്റിൽ നിന്നും പുറത്തു തൂങ്ങി!!ഹാളിൽ ഫുള്ള് കളേഴ്സ്!!! അതും പോഷ്!!ഫുൾ ഫാഷനെബിൾ!!!


പിന്നെ അച്ചനെ നോക്കി ഓടുകയായിരുന്നു.

അച്ചന്റെ കൈയ്യിൽ താക്കോൽ കൊടുക്കുന്നെനു മുന്നെ ചോദിച്ചു,

``അച്ചാ, അവിടെ ഹാളിൽ എന്താ പരിപാടി??``

``ഓ അതു ആർട്ട് ഒഫ് ലിവിങ്ങിന്റെ എന്തോ ക്ലാസോ മറ്റോ ആണു,എന്തേ??``

``ഒന്നുല്ല,ബെറുതെ ചോദിച്ചതാ``,എന്നാ ഞാൻ പോട്ടേ!!

പക്ഷെ ഞാൻ പോയത്‌ ഹാളിന്റെ അടുത്തേക്കായിരുന്നു
എങ്ങനെ ഈന്റാത്ത് കേറിപ്പറ്റും എന്നാലൊചിച്ച് നിക്കുമ്പോളതാ മരുഭൂമിയിൽ പെപ്സിയുടെ വെണ്ടിങ്ങ് മെഷീൻ പോലെ എഞ്ചിനീയറിങ്ങ് കോളേജിൽ കണ്ട് പരിചയം ഉള്ള ഒരു സീനിയർ മേശപ്പുറത്തു ബുക്കും നോട്ടീസുമൊക്കെയായി ഇരിക്കുന്നു.


ചേട്ടാ, ഓർമ്മ ഉണ്ടോ (ഈ മുഘം) എന്ന് ചോദിച്ചു ഞാൻ ചാടി വീണു.

``ആ,എന്താ ഇവിടെ??`

``ഒന്നുമ്മില്ല!! ന്റച്ചൻ ഇവിടെ മാഷാണ്‌, അല്ല, എനിക്കും ആർട്ട് ഓഫ് ലിവിങ്ങ് ചേരണം എന്നു കുറേ ആയി വിചാരിക്കുന്നു``

``അതിനെന്താ, 700 രൂപ അടച്ച് ചേരാലോ!!``

അകത്തുള്ള കളേഴ്സിന്റെ കൂടെ ഇടപഴകുന്നതാലൊചിച്ച് എന്റെ മനസ്സിൽ തൃശ്ശൂർപ്പൂരത്തിനു പടക്കം പൊട്ടുന്നത് പോലെ പൊട്ടാൻ തുടങ്ങി.

കപ്പലിൽ നിന്നിറങ്ങിയ സമയമായതിനാൽ പൈസക്ക് പഞ്ഞമ്മില്ലായിരുന്നു.

ഉടൻ പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്തു നീട്ടി.

``അയ്യോ, ഈ ബാച്ച് ഫുൾ ആയല്ലോ, ഇതിൽ ചേരാൻ പറ്റൂല!!!``

ലാസ്റ്റ് വിട്ട വാണം പൊട്ടാതെ പിശി ആയി വീണ പോലെ ആയി എന്റെ അവസ്ഥ!!

``ഇനി എന്താ ചെയ്യാ??``ഞാൻ ചോദിച്ചു.

``അടുത്ത ആഴ്ച്ച പുതിയതെരു സഹോദയ സ്കൂളിൽ പുതിയ ബാച്ച് തുടങ്ങുന്നുണ്ട്,അവിടെ ചേർന്നോളു.
അങ്ങനെ ആറ്റ്നോറ്റിരുന്ന ആ ദിവസം വന്നു. പുതിയ കുപ്പായം എല്ലം ഇട്ട്, മുടി ബ്രിൽക്രീം ഇട്ട് സെറ്റ് ആക്കി, സ്കൂട്ടർ എടുത്ത് ഞാൻ പുതിയതെരുലേക്ക് വിട്ടു. സഹോദയ സ്കൂളിന്റെ ഗെയ്റ്റ് കടന്ന് അകത്തു കയറുമ്പോൾ ഞാൻ ഒന്നു ശങ്കിച്ചു. അന്ന് കണ്ട പോലെയുള്ള വലിയ വണ്ടികൾ ഒന്നും കാണുന്നില്ല.


വണ്ടി സ്റ്റാൻഡിൽ ഇട്ട് സ്റ്റെപ്പ് കയറുമ്പോൾ ഇതു തന്നെയാണൊ സ്ഥലം എന്ന് ഒരു ചെറിയ സംശയം തോന്നിയെങ്ങിലും രെജിസ്റ്റ്രെഷന്‌ ആൾ ഇരിക്കുന്നത് കണ്ടപ്പോൾ സമാധാനം ആയി. അകത്തു നിന്ന് ആരോ പ്രഭാഷണം ചെയ്യുന്ന പോലെ തോന്നി.

``തുടങ്ങിയോ??``

``ദാ ഇപ്പം,ഒരു കാമണിക്കൂർ ആയി``

പൈസ വാങ്ങി രശീത് തന്ന് പറഞ്ഞു, ഒച്ച ഉണ്ടാക്കതെ അകത്തു്‌ കയറി ഇരുന്നു കൊള്ളു.

ഭഗവാനേ നല്ല കളേഴ്സ് കാണണേ എന്നു പ്രാർത്‍ഥിച്ച് ഞാൻ വലത് കാൽ വെച്ച് അകത്തു കയറി.

വെളിച്ചം കുറവായതു കൊണ്ട് ആൾക്കാരെ ശരിക്കും കാണാൻ പറ്റിയില്ല. മുന്നിൽ തന്നെ കിട്ടിയിടത്തിരുന്നു.

കണ്ണുകൾ ആ അരണ്ട വെളിച്ചത്തോട് ഐക്യം പ്രഖ്യാപിച്ചപ്പോൾ ഞാൻ മെല്ലെ ചുറ്റും കണ്ണുകൾ പായിച്ചു.

കാര്യങ്ങൾ ക്ലിയർ ആയി വന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി. ദൈവമേ!! എഴുന്നൂറ് രൂപ വെറുതേ ആയൊ???ആകെ ഒരു ഇരുപത് പേർ കാണും റൂമിൽ. ഒരു പതിനഞ്ച് കിഴവന്മാർ,പിന്നെ ബാക്കി കിഴവികളും.

നൊ കളേഴ്സ്!!

അന്നത്തെ സെഷൻ ഒരു വിധം സഹിച്ച് പുറത്തിറങ്ങി. രെജിസ്റ്റ്രെഷനിൽ ഉണ്ടായിരുന്ന പുള്ളിയൊടു ചോദിച്ചു ഇനി ആരെങ്ങിലും ജൊയിൻ ചെയ്യാൻ ഉണ്ടോ എന്നു്‌. ഇല്ലാ എന്നു യാതൊരു ദയയും കൂടാതെ കശ്മലൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ കിടക്കേന്ന് കുത്തി എഴുന്നേല്പ്പിച്ച് അമ്മ ചോദിച്ചു, ഇന്നു ആർട്ട് ഓഫ് ലിവിങ്ങ് ക്ലാസ്സില്ലേന്ന്

``ഓ ഞാൻ പോനില്ല,അവര്‌ നോൺ വെജ് കഴിക്കാൻ പാടില്ലാന്നു പറഞ്ഞു!! എന്നെ കൊണ്ട് വയ്യ പചക്കറി തിന്ന് കഴിയാൻ!!

പിന്നേ,നമ്മടടുത്താ കളീ??എന്റെ പട്ടി പോകും!!!

8 comments:

  1. അങ്ങിനെ അതില്‍ നിന്നും ഊരി വെള്ളയപ്പം കടലക്കറിയിലേക്കും മടങ്ങി അല്ലേ.700 രൂപയ്ക്കു കിട്ടുന്ന മനശ്ശാന്തി കളഞ്ഞു കുളിച്ചു:)-

    ReplyDelete
  2. ഹ..ഹ..ഹ
    ഒരു കാലത്തും നന്നാവില്ലെന്ന് വല്ല നേർച്ചയുമെടുത്തിട്ടുണ്ടോ മാഷേ..
    നല്ല രസികൻ അവതരണം.., പ്രയോഗങ്ങൾ എല്ലാം കലക്കീട്ടോ..
    അഭിനന്ദനങ്ങൾ.

    ReplyDelete
  3. @ഷാജി: പയ്യെ പയ്യെ വെള്ളപ്പവും നിന്നു പൊകവലി മാത്രമായി,ഹി ഹി
    @ഹാഷിം: ഇഷ്ടായി ആ ചിരി :)
    @കമ്പർ: വളരെ നല്ല ചോദ്യം. എന്തു ചെയ്യാനാ കയ്യിലിരിപ്പ് അങ്ങനെ ആയിപ്പൊയില്ലെ!!

    ReplyDelete
  4. ശരിക്കും ചിരി വന്നു.എന്‍റെ പട്ടി പോകും..അവന്റെ
    ഒരു ആര്‍ട്ട്‌ ഓഫ് ലിവിംഗ് അല്ലെ? 700 രൂപയ്ക്കു
    എത്ര കുറ്റി പുട്ട് അടിക്കാമായിരുന്നു.അതോ അവിടെ
    കടല മാത്രമേ കിട്ടുക ഉള്ളോ?

    ReplyDelete
  5. എഴുത്തും സ്ഥലപ്പേരുമൊക്കെ കാണുമ്പോള്‍ കണ്ണൂര്‍ ആണെന്നു തോന്നുന്നല്ലോ. എന്തായാലും നന്നായിട്ടുണ്ട് കേട്ടൊ.

    ReplyDelete
  6. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!!!കുമാരൻ ചേട്ടന്റെ കമന്റ്!!!
    അതെ ചേട്ടാ, കണ്ണൂർക്കരൻ തന്നെ ആണ്‌. വളരെ നന്ദിയുണ്ട് പോസ്റ്റ് വായിച്ചതിനും കമന്റ് എഴുതിയതിനും

    ReplyDelete
  7. Adipoli.... Ellam nom ee kannukalkkondu kandu..... 😂😂😂

    ReplyDelete