Sunday, December 13, 2020

മണ്ണ്

പിറന്ന മണ്ണ്
മണ്ണെനിക്ക് പൊന്ന്
പിറന്ന മണ്ണ്
മണ്ണിലേക്ക് എന്ന്?
പൊന്ന് തേടി തേടി
ദൂരം ഏറെ  ഓടി വന്ന്

പിറന്ന മണ്ണ്
മണ്ണിലേക്ക് എന്ന്?
ചിരിച്ച നാളുകൾ
കരിച്ച താളുകൾ
ഉറക്കെ വീശി
ചോര ചിന്തിടാത്ത വാളുകൾ
പിറന്ന മണ്ണ്
മണ്ണിലേക്ക് എന്ന്?

ഇടർന്ന് വീണിടാതെ
വേനലുകൾ താണ്ടി വന്നു
തണലായി മാറി എന്നെ
കാത്തു വെച്ച ആൽ മരങ്ങൾ
തലോടി തേങ്ങലുകൾ 
താളമായി മാറ്റിയവർ
പിറന്ന മണ്ണ്
മണ്ണിലേക്ക് എന്ന്?

ചിരിച്ചു കൈ പിടിച്ച
വീഥികൾ ദൂരെയല്ല
കനത്ത കനവുകൾ 
കൂടെയിന്ന്  ഏറെയില്ല
കരളിൽ കോർത്ത് വെച്ച
വാക്കുകൾക്ക് മൂർച്ചയില്ല

പിറന്ന മണ്ണ്
മണ്ണെനിക്കു പൊന്ന്
പിറന്ന മണ്ണ്
മണ്ണിലേക്ക് എന്ന്?





Friday, May 15, 2020

വഴികൾ


വഴികൾ 



വഴിയിൽ,പലകുറി മാറിയ വരയിൽ 
വരകൾ മാറ്റി വരച്ചൊരു വഴിയിൽ 
പുഴയിൽ,തണലിൽ,മഴയിൽ,വെയിലിൽ 
വരകൾ പലകുറി മാറിയ വഴികൾ 

കരളിൽ പൂട്ടി മുറുക്കിയ കഥകൾ 
കനലിൽ കത്തിയ ചില കൈ പിടികൾ 
കടലിൽ പെയ്തത് മഴയോ മിഴിയോ?
ദൂരെ കണ്ടത് കരയോ തിരയോ?

തണലിലൊളിപ്പിച്ചത് കാർമുകിലോ 
തളരരുതെന്നു പറഞ്ഞൊരു വെയിലോ 
വഴികൾ പലകുറി മാറിയ വഴിയിൽ 
വരകൾ മായ്ച്ചത് നീയോ ഞാനോ?

വഴിയിൽ,പലകുറി മാറിയ വരയിൽ 
വരകൾ മാറ്റി വരച്ചൊരു വഴിയിൽ 
പുഴയിൽ,തണലിൽ,മഴയിൽ,വെയിലിൽ 
വരകൾ പലകുറി മാറിയ വഴികൾ