Tuesday, January 17, 2023

മഴ

 മഴ പ്രണയം ആവാം ,മഴ ഗൃഹാതുരത്വം ആവാം,മഴ സുഹൃത്താവാം ,മഴ കവിത ആകാം.

കാർമേഘങ്ങൾ നിറഞ്ഞ ആകാശം എന്നിൽ വല്ലാത്ത ഒരു അസ്വസ്ഥത എന്തേ ഉണ്ടാക്കുന്നു  എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പവർ കട്ടുകളിലൂടെ കടന്നു പോയ പരീക്ഷകൾ ആണോ , ഇടവഴിയിലൂടെ കൂലം കുത്തി ഒഴുകിയ ചളി വെള്ളം ആണോ ,അതോ ചാഞ്ഞു വീഴാൻ ആയ ഉപ്പില മരത്തിന്റെ ഓർമ ആണോ അതിനു കാരണം എന്ന് ഞാൻ പലപ്പോഴും ചികഞ്ഞു ആലോചിച്ചിട്ടുണ്ട്.

മനപ്പൂർവം മറക്കാൻ ശ്രമിച്ച കാലങ്ങളിലൂടെ ആ ചിന്തകൾ എന്നെ ഒരു പാട് കൊണ്ട് പോയെങ്കിലും  ആ  വഴികളിലൂടെ  വീഴാതെ വീണ്ടും ഒന്ന് നടന്ന് നോക്കാൻ തന്നെ ഞാൻ  തീരുമാനിച്ചു. എപ്പോഴൊക്കെയോ നാട്ടിൽ വന്നപ്പോള് പഴ ആൽബങ്ങളിൽ തപ്പി മൊബൈലിൽ കൊണ്ട് വീണ്ടും ഒപ്പിയ പടങ്ങൾ ഗൂഗിൾ ഫോട്ടോസിൽ ഭദ്രം ആയതു നന്നായോ ആവോ.

ഗ്ലാസ്സിലേക്കു ഒഴിച്ച ബിയറിന്റെ നുര നോക്കി ഇരുന്നപ്പോൾ ഇടവഴിയിൽ മഴവെള്ളത്തിൽ മീൻ പിടിക്കാൻ തോർത്ത് വിരിച്ചതോർമ്മ വന്നു.എന്നാൽ ആദ്യം നല്ല ഓർമകളെ ചിട്ടപ്പെടുത്താം എന്ന് കരുതി. വയലിൽ കളിച്ച ക്രിക്കറ്റ്,ഗംഗേട്ടന്റെ സ്കൂൾ വാൻ,ഗംഗേട്ടൻ വാങ്ങി തന്നിരുന്ന ഐസ്ക്രീം സോഡാ , ചക്കരക്കല്ലിലെ ചില സായാഹ്നങ്ങൾ,പിന്നെ മലമ്പുഴ കാണാൻ പോയത്. വളരെ വ്യക്തമായി ഓര്മ ഇല്ലെങ്കിലും,ന്റെ ഓർമകളിലെ നല്ല നിങ്ങൾ,സന്തോഷവാനായ നിങ്ങൾ,നമ്മളെ സന്തോഷിപ്പിച്ച  നിങ്ങൾ വളരെ അപൂർവം . പഴയ ആല്ബത്തിലൂടെ ഞാൻ വീണ്ടും ചികഞ്ഞു.